Saturday, 2 March 2013

മമ്മൂട്ടി   സിനിമയില്‍ സൂപ്പര്‍സ്റ്റാറായി നില്‍ക്കുമ്പോഴും നാടകത്തോടുള്ള തന്റെ താല്‍പര്യം പലവട്ടം വെളിപ്പെടുത്തിയ നടനാണ് മമ്മൂട്ടി. അതിന് വലിയൊരു ഉദാഹരണമാണ് രഞ്ജിത്തിന്റെ അടുത്ത ചിത്രമായ ബാല്യകാലസഖിയില്‍ നാടകരംഗത്തെ കലാകാരന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറായതും. കുറച്ചു വര്‍ഷം മുമ്പ് നാടകകലാകാരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. എന്തായാലും നാടകത്തെ പ്രണയിയ്ക്കുന്ന മമ്മൂട്ടിയ്ക്ക് നാടക നടനായി അഭിനയിക്കാനുള്ള ഒരു അവസരം കിട്ടിയിരിക്കുകയാണ്. പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി ഏറെ നാള്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് ക്ലീറ്റസ് എന്ന നാടകനടന്റെ റോളില്‍ മമ്മൂട്ടി എത്തുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മമ്മൂട്ടിയുടെ വിജയചിത്രങ്ങളായിരുന്ന തൊമ്മനും മക്കളും, അണ്ണന്‍തമ്പി എന്നീ ചിത്രങ്ങള്‍ക്ക് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥയെഴുതിയിരുന്നത്. ഇവയെല്ലാം വ്യാവസായികപ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ബെന്നി പറയുന്നു. യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കുന്ന ചിത്രമാണിതെന്നും മമ്മൂട്ടി ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി പറയുന്നു. തിയേറ്റര്‍ സെറ്റിനുള്ളില്‍ നടക്കുന്ന ഒരു കഥയാണിത്. നാടകങ്ങള്‍ ക്ലീറ്റസ് എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന റോളുകളും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വളരെ ശക്തമായ ഒരു സന്ദേശം സമൂഹത്തിന് നല്‍കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിതെന്നും ബെന്നി പറയുന്നു. മെയ് മാസം അവസാനത്തോടുകൂടിയേ ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയാവുകയുള്ളു. ചിത്രത്തില്‍ നാടകരംഗത്തുനിന്നുള്ള കലാകാരന്മാരും അഭിനയിക്കും. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഫൈസല്‍ ലത്തീഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ദിലീപിന്റെ സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍ ബെന്നി. 

0 comments:

Post a Comment