അനൂപ് മേനോന് ഒരു മാസം ഇന്റര്‍വെല്‍
അനൂപ് മേനോന്‍ ഒരുമാസം ലീവെടുക്കുന്നു യാത്ര യൂറോപ്പിലേക്ക്.. ഇന്ന് മലയാളസിനിമയില്‍ ഏറ്റവും തിരക്കുപിടിച്ച താരം ആര് എന്ന് ചോദിച്ചാല്‍ അനൂപ് മേനോന്‍ എന്നാവും അടുത്തറിയുന്നവര്‍ പറയുക. നായകനായ് അഭിനയിക്കുന്ന തിരക്കുകളല്ലെങ്കിലും മലയാളസിനിമ ഇന്‍ഡസ്ട്രിയില്‍ അനൂപ് മേനോന് പേന താഴെവെക്കാന്‍ സമയം കിട്ടുന്നില്ല.
ഈ തിരക്കുകള്‍ക്കിടയില്‍ ഏറ്റെടുത്ത വേഷങ്ങള്‍, എഴുതിവന്ന വേഷങ്ങള്‍ അഭിനയിക്കാനും സമയം കണ്ടെത്തുന്നു. ഏഴ് സിനിമകള്‍ എഴുതികൊണ്ടിരിക്കയാണ് അനൂപ്‌മേനോന്‍. മൂന്ന് സിനിമകളില്‍ അഭിനയിക്കാനും സമയം കണ്ടെത്തണം. ഏപ്രില്‍ മാസത്തോടെ ലീവെടുത്ത് യൂറോപ്യന്‍ യാത്രയ്ക്കും പ്‌ളാനുണ്ട്. വിവാഹിതനല്ല എന്നതുകൊണ്ട് കിട്ടാവുന്ന സമയങ്ങളത്രയും അനൂപ്‌മേനോന്‍ എഴുത്തിന് നീക്കിവെക്കുന്നു.
ഒരുപക്ഷേ മലയാളത്തില്‍ കലൂര്‍ ഡെന്നീസ് പോലും ഇത്രതിരക്കുള്ള എഴുത്തിലേക്ക് കടന്നുവന്നുകാണില്ല. സജി സുരേന്ദ്രന്‍, ദീപന്‍, അജിജോണ്‍, വി. കെ. പ്രകാശ,് രാജ് പ്രഭാവതി മേനോന്‍, നവാഗതരായ ബഷീര്‍ മുഹമ്മദ്, വാവ നജിമുദ്ദീന്‍ എന്നീ സംവിധായകര്‍ക്കുവേണ്ടിയാണ് അനൂപ് മേനോന്‍ തിരക്കഥയെഴുതികൊണ്ടിരിക്കുന്നത്.
വി. കെ പ്രകാശ് സംവിധാനം നിര്‍വ്വഹിക്കുന്ന ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാംഭാഗം ഗരുഡപുരാണം, അഴകപ്പന്റെ പട്ടം പോലെ, എബ്രിഡ് ഷൈന്റ 1983 എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അനൂപ് മേനോനെ കാത്തിരിക്കുന്നു. അനൂപ് മേനോന്‍, ജയസൂര്യ കൂട്ടുകെട്ട് കൂടുതല്‍ സുദൃഢമാവുകയാണ് പുതിയ തിരക്കഥകളിലൂടെ.
എഴുതികൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളിലും ജയസൂര്യയ്ക്ക് പ്രസക്തമായ കഥാപാത്രങ്ങളുണ്ട് എന്നതാണ് പ്രത്യേകത. ഫേസ്ബുക്കിലും നെറ്റ് സൈറ്റുകളിലുമെല്ലാം ഒരുപറ്റം ആളുകള്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡിന്റെ ഓളത്തില്‍ അനൂപ് മേനോനെ പിന്തുണയ്ക്കുമ്പോഴും നിരന്തരം കളിയാക്കി കൊണ്ട് മറ്റൊരുകൂട്ടര്‍ പുതിയ വിശേഷങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്.
ലോഡ്ജ് കഴിഞ്ഞു ഇനി ഹോട്ടലാണല്ലേ അവിടേയും ലോഡ്ജുസൌകര്യം കാണുമോ എന്ന ചോദ്യങ്ങളാലും പരിഹാസങ്ങളാലും അനൂപ് മേനോനും കൂട്ടരും യൂത്തിന്റെ സജീവമായ ശ്രദ്ധയില്‍ തന്നെയാണ്. രഞ്ജിത് ശിഷ്യന്‍മാരില്‍ അഭിനയത്തിലൂടെ എഴുത്തിലും പാട്ടെഴുത്തിലും പ്രധാനിയായി അനൂപ് മേനോന്‍ മാറികഴിഞ്ഞു. ഉറുമി, നത്തോലി ചെറിയമീനല്ല തുടങ്ങിയ തിരക്കഥകളിലൂടെ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയില്‍ സജീവമായികൊണ്ടിരിക്കുന്നു.
സ്പിരിറ്റ,് ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ കാര്യത്തിലും രണ്ടുചുവട് മുന്‍നടക്കുന്ന ശങ്കര്‍ രാമകൃഷ്ണനും, അനൂപ്‌മേനോനും ഒരേകളരിയില്‍ നിന്ന് അഭ്യാസം പഠിച്ചവരാണ്. മലയാളസിനിമയില്‍ രഞ്ജിതും ശിഷ്യന്‍മാരും അനിവാര്യമായ സാന്നിദ്ധ്യമാണ് എന്ന്് ഉറപ്പിച്ചു പറയാം.