കുടുംബത്തെ അമ്പരപ്പിച്ച തുളസി
പതിനാറാമത്തെ വയസ്സില്‍ നായികയാവുക, അതും ഏതൊരു പുതുമുഖും കൊതിയ്ക്കുന്നപോലെ ഒരു മണിരത്‌നം ചിത്രത്തില്‍... പഴയകാല നടി രാധയുടെ മകള്‍ തുളസി നായരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിലെ നായികാവേഷം ചെയ്തത് തുളസിയാണ്.
ചിത്രം സാധാരണ മണിരത്‌നം ചിത്രങ്ങളെപ്പോലെ വലിയ തരംഗമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മണിരത്‌നം അവതരിപ്പിക്കുന്ന പുതുമുഖമെന്ന പേരില്‍ തുളസി ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. രാധ, അംബിക സഹോദരിമാര്‍, അവരുടെ സഹോദരന്‍ സുരേഷ് നായര്‍, രാധയുടെ മൂത്തമകള്‍ കാര്‍ത്തിക എന്നിവര്‍ക്ക് പിന്നാലെയാണ് ഈ കുടുംബത്തില്‍ നിന്നും തുളസി അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുന്നത്.
തുളസിയുടെ പറയുന്നത് സിനിമയിലെ അരങ്ങേറ്റത്തിലൂടെ താന്‍ കുടുംബത്തെ സ്തബ്ധരാക്കിക്കളഞ്ഞു എന്നാണ്. കുടുംബത്തില്‍ എല്ലാവരും അഭിനയത്തില്‍ താല്‍പര്യമുള്ളവരും പലതരം എകസ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ പേരെടുത്തവരുമാണ്, എന്നാല്‍ കുട്ടിക്കാലത്തുപോലും സ്‌റ്റേജില്‍ കയറി ഒരു പരിപാടി അവതരിപ്പിക്കാത്ത തുളസിയുടെ സിനിമാ അരങ്ങേറ്റം കുടുംബത്തെ അത്ഭുതപ്പെടുത്തിയതില്‍ അതിശയിക്കാനില്ല.
സ്‌കൂളിലും മറ്റും എന്ത് പരിപാടി നടന്നാലും ബാക് സ്റ്റേജില്‍ ചുറ്റിപ്പറ്റി നടക്കുന്നകൂട്ടത്തിലായിരുന്നു ഞാന്‍, സ്റ്റേജില്‍ക്കയറി ഒരുപരിപാടിയും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. ആ ഞാന്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിയ്ക്കുകയും മോശമല്ലാത്ത പുതുമുഖമെന്ന പേര് സ്വന്തമാക്കുകയും ചെയ്തത് കുടുംബത്തെ സംബന്ധിച്ച് വലിയ സന്തോഷവും അത്ഭുവതവുമാണ്- തുളസി പറയുന്നു.
വല്ലാതെ അന്തര്‍മുഖത്വമുണ്ടായിരുന്ന ഞാന്‍ ഒരുദിവസം പെട്ടെന്ന് അഭിനയിക്കാന്‍ പോകുന്നു, നൃത്തം ചെയ്യുന്നു, പാടി അഭിനയിയ്ക്കുന്നു എല്ലാകൂടി എന്റെ വീട്ടുകാര്‍ അന്തിച്ചുപോയിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ എന്നെയോര്‍ത്ത് അഭിമാനമുണ്ടെന്ന് അവര്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ വല്ലാത്തൊരു സുഖമുണ്ട്- തുളസി തുടരുന്നു.
കടലിന് പിന്നാലെ തുളസി പുതിയൊരു ചിത്രത്തിലേയ്ക്ക് കരാറായിട്ടുണ്ട്. യാന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
അഭിനയത്തിനായി ക്ലാസുകള്‍ ഉപേക്ഷിക്കേണ്ടിവന്ന തുളസിയിപ്പോള്‍ സ്‌കൈപ്പിലൂടെയും മറ്റും പഠനം തുടരുകയാണ്. സ്‌കൈപ്പിലൂടെയും മറ്റും ക്ലാസുകള്‍തന്ന് തന്നെ സഹായിക്കുന്ന ടീച്ചര്‍മാരാണ് അഭിനയത്തില്‍ തുടരാന്‍ തന്നെ ഏറെ പ്രോത്സാഹിപ്പിക്കുന്നതെന്ന് തുളസി പറയുന്നു. അഭിനയത്തിന് പ്രായം ഒരു തടസമല്ലെന്നും അമ്മ, ചേച്ചി എന്നിവരുടെ ഉപദേശങ്ങള്‍ ഇക്കാര്യത്തില്‍ തനിയ്ക്ക് കൂട്ടുണ്ടെന്നും തുളസി പറയുന്നു.
0 comments:
Post a Comment