Thursday 21 February 2013

Sethuramayyer Again

Sethuramayyer Again - Black Investigers

സേതുരാമയ്യര്‍ എന്ന പേര് കേട്ടാല്‍ ചുവന്ന കുറിയിട്ട് വടിവില്‍ വസ്ത്രം ധരിച്ച് കൈ പിന്നില്‍ക്കെട്ടി നടന്നടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമേ മനസ്സിലേയ്ക്ക് വരൂ. പല ചലച്ചിത്രങ്ങള്‍ക്കും ഒന്നും രണ്ടും ഭാഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സിബിഐ ഡയറിക്കുറുപ്പുമുതലിങ്ങോട്ട് വിജയങ്ങള്‍ ആവര്‍ത്തിച്ച സേതുരാമയ്യര്‍ പരമ്പരപോലെ മറ്റൊരു ചിത്രത്തിന്റെയും മറ്റുഭാഗങ്ങള്‍ ഇത്രയധികം ജനപ്രീതി നേടിയിട്ടില്ല. സിബഐ ഡയറിക്കുറുപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നാലെ സേതുരാമയ്യര്‍ വീണ്ടുമെത്തുകയാണ്. 2013 സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് 25 തികഞ്ഞ വര്‍ഷമാണ്. ഈ വര്‍ഷം തന്നെ അഞ്ചാമത്തെ ഭാഗത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എസ്എന്‍ സ്വാമി രചനനിര്‍വ്വഹിക്കുന്ന ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുക. അഞ്ചാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയാണ് തുടങ്ങിയതെന്നും കാര്യങ്ങള്‍ പുരോഗതിയിലാണെന്നും എസ്എന്‍ സ്വാമി പറയുന്നു. 2013ല്‍ത്തന്നെ അഞ്ചാംഭാഗത്തിന്റെ ജോലികള്‍ തുടങ്ങാനാണ് അണിയറക്കാരുടെ പദ്ധതി. 1988ല്‍ ഒരു വ്യത്യസ്തമായ കഥലഭിച്ചപ്പോഴാണ് ഞങ്ങള്‍ മമ്മൂട്ടിയെ സമീപിച്ചത്. അന്നാണെങ്കില്‍ അദ്ദേഹം ഇന്‍സ്പക്ടര്‍ ബല്‍റാം എന്ന സമാനമായ ഒരു റോള്‍ ആവനാഴിയെന്ന ചിത്രത്തില്‍ ചെയ്തുകഴിഞ്ഞതേയുണ്ടായിരുന്നു. ആ പടം വലിയ വിജയവുമായിരുന്നു. അപ്പോഴാണ് വീണ്ടും ഇത്തരത്തിലൊരു പടം വന്നാല്‍ അത് ജനം സ്വീകരിക്കുമോയെന്നൊരു ആശങ്കയുണ്ടായത്. തുടര്‍ന്ന് നടന്ന ആലോചനകളിലും ചര്‍ച്ചകളിലുമാണ് സേതുരാമയ്യര്‍ എന്ന വളരെ വ്യത്യസ്തമായ കേന്ദ്ര കഥാപാത്രം രൂപപ്പെട്ടുവന്നത്- സ്വാമി പറയുന്നു. എണ്‍പതുകളില്‍ കേരളത്തില്‍ സിബിഐ അന്വേഷിച്ച ചില കേസുകളില്‍ നിന്നാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ ലഭിച്ചത്. ഇതുപോലെതന്നെ കണ്ടെത്തിയ കഥാപാത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി, ഇന്‍സ്‌പെക്ടര്‍ പെരുമാള്‍ പക്ഷേ ഇവരണ്ടും സേതുരാമയ്യരുടേതുപോലെ ആഘോഷിക്കപ്പെട്ടില്ല. ഓരോ വട്ടവും സേതുരാമയ്യര്‍ പുതിയ കേസുകളുമായി എത്തിയപ്പോള്‍ ജനം അവ സ്വീകരിച്ച രീതി പ്രോത്സാഹനം നല്‍കുന്നതാണ്, അതിനാല്‍ത്തന്നെ വളരെ വ്യത്യസ്തമായിട്ടായിരിക്കും അഞ്ചാമത്തെ കേസുമായി അയ്യര്‍ എത്തുക സ്വാമി ഉറപ്പ് നല്‍കുന്നു. ഈ ചിത്രത്തിലും സിബിഐ ഓഫീസര്‍ ചാക്കോയായി മുകേഷും മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ടാകും, പക്ഷേ വിക്രമായി ജഗതിയെത്തന്നെ കൊണ്ടുവരുന്നകാര്യം വലിയ ബുദ്ധിമുട്ടായിരിക്കും,. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ചിത്രത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഈവര്‍ഷം തന്നെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനാണ് തീരുമാനം.

0 comments:

Post a Comment