Thursday, 21 February 2013

Note Book Mariya Coming Back

നോട്ട് ബുക്ക് മറിയയ്ക്ക് ശാപമോക്ഷം കിട്ടുന്നു

 മറിയയെ അത്രവേഗം മലയാളി മറക്കുമോ? ഇല്ല, എന്നാണ് പ്രേക്ഷകരുടെ ഉത്തരമെങ്കിലും സിനിമയില്‍ പലരും മറിയയെ മറന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിലെ ദുരന്തനായികയായി മാറിയ മറിയ പൊള്ളുന്ന ഓര്‍മ്മയായി പ്രേക്ഷകര്‍ക്കുള്ളിലുണ്ട്. നോട്ട് ബുക്കിനുശേഷം റോമ മാത്രം തിരക്കുകളിലേക്ക് കുതിച്ചു. മറ്റ് താരങ്ങളെല്ലാം തിളങ്ങാതെ ഒതുങ്ങി യപ്പോള്‍ മറിയയെ പിന്നെ കണ്ടതേയില്ല. ഒടുവില്‍ അനൂപ് മേനോനും അജിജോണും മറിയയ്ക്ക് ശാപമോക്ഷം നല്കുകയാണ് ഹോട്ടല്‍ കാലിഫോര്‍ണിയയിലൂടെ. ഗൃഹലക്ഷ്മി ക്കുവേണ്ടി പി. വി. ഗംഗാധരന്‍ നിര്‍മ്മിച്ച് ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ റോഷന്‍ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിച്ച നോട്ട് ബുക്ക് നല്ല ചിലവില്‍ നിര്‍മ്മിച്ച നല്ല ചിത്രമായിരുന്നുവെങ്കിലും ആ ചിത്രത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ന്യൂ ജനറേഷന്‍ വളര്‍ച്ച അന്ന് മലയാളി പ്രേക്ഷകര്‍ക്കില്ലായിരുന്നുവെന്ന് തോന്നുന്നു. മറിയയും പാര്‍വ്വതിയുമൊക്കെ നല്ല കഥാപാത്രങ്ങളിലൂടെ സജീവമായി നിലനില്‍ക്കേണ്ടവരാണെന്നും നോട്ട്ബുക്ക് പറയുന്നു. നല്ലവന്‍, നമുക്ക് പാര്‍ക്കാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജി ജോണ്‍ അനൂപ് മേനോന്‍ രചനയില്‍ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെ. കൊച്ചിനഗരത്തിലെത്തുന്ന അഞ്ചുപേര്‍, അവരെ കാത്തിരിക്കുന്ന അഞ്ചുപേര്‍, വ്യത്യസ്തമായ പാശ്ചാത്തലത്തിലൂടെ ഒരോരുത്തരേയും ഒരാളിലേക്ക് ബന്ധപ്പെടുത്തുന്നു. എയര്‍പോര്‍ട്ട് ജിമ്മിയെന്ന പ്രധാനിയിലേക്ക്, ഇത് ജയസൂര്യയുടെ കഥാപാത്രമാണ്. ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സൈജുകുറുപ്പ,് പ്രശാന്ത്, ശങ്കര്‍, നന്ദു, സുധീഷ്, ജോജോ, ടി. ജി. രവി, പി. ബാലചന്ദ്രന്‍. ചാലിപാല, സുകുമാരി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ അനൂപ് മേനോന്‍ വി. കെ. പ്രകാശ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിലേക്ക് സജീവമായി കൊണ്ടുവന്ന ഹണിറോസ് എന്ന ധ്വനിയാണ് ചിത്രത്തിലെ ഒരു നായിക. അപര്‍ണ്ണനായര്‍, മറിയ എന്നിവരാണ് മറ്റ് നായികമാര്‍. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് മോന്‍ സൈമണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ദുബായ്, മുംബൈ, ഹൈദരബാദ്, കൊച്ചി. എന്നിവിടങ്ങളിലാണ്. മറിയയ്ക്ക് തിരിച്ചുവരവ് കൂടുതല്‍ അവസരങ്ങള്‍ സമ്മാനിക്കട്ടെ.

0 comments:

Post a Comment